തിരുവനന്തപുരം : സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൺലൈൻ ക്ലാസുകൾ കൂടി പ്രയോജനപ്പെടുത്തി പാഠ ഭാഗങ്ങൾ തീർക്കും. പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. മോഡൽ പരീക്ഷയുടെ തീയതി ഉടൻ തീരുമാനിക്കും. സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നിഷേധിക്കുന്നുണ്ടെങ്കിൽ ഉടൻ നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യകത്മാക്കി.
പിണറായി സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ മികച്ച കെട്ടിടങ്ങൾ ഉണ്ടായി, ഹൈടെക് ക്‌ളാസുകളും ലാബുകളും ലൈബ്രറികളുമുണ്ടായി. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ 92 സ്‌കൂൾ കെട്ടിടങ്ങളും 48 ഹയർ സെക്കണ്ടറി ലാബുകളും 3 ഹയർ സെക്കണ്ടറി ലൈബ്രറികളും ഉദ്ഘാടനം ചെയ്തു.
അതേസമയം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ കൂടി ഉദ്ഘാടനം നടക്കാൻ പോവുകയാണ്. മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത്.