തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ ഉമാനുജനാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഇയാളെ കെണിയൊരുക്കി പിടികൂടുകയായിരുന്നു.
വലിയതുറ സ്വദേശിയായ ഒരു മുന്‍ വില്ലേജ് ഓഫീസറാണ് ഉമാനുജനെതിരെ വിജിലന്‍സിന് പരാതി നല്‍കിയത്. ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ വേണ്ടി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര് എന്നിവ പരാതിക്കാരന് ആവശ്യമുണ്ടായിരുന്നു. ഇതിനായി മേയ് മാസം മുട്ടത്തറ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. പിന്നീട് പലതവണ അന്വേഷിച്ചു ചെന്നെങ്കിലും കാര്യം നടന്നില്ല.
1000 രൂപ നല്‍കിയാല്‍ സ്ഥല പരിശോധനയ്ക്ക് വരാമെന്ന് രണ്ട് ദിവസം മുമ്പാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉമാദത്തന്‍ പരാതിക്കാരനോട് പറഞ്ഞത്. ഇക്കാര്യം അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്‍പി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി.
വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ പരാതിക്കാരന്റെ വീട്ടില്‍ വെച്ച് 1000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്‍പി വിനോദ് കുമാറിനെ പുറമെ ഇന്‍സ്‍പെക്ടര്‍മാരായ സനില്‍ കുമാര്‍, സബ് ഇന്‍സ്‍പെക്ടര്‍മാരായ സഞ്ജയ്, അജിത്, എഎസ്ഐ അനില്‍ കുമാര്‍, എസ്‍.സി.പി.ഒമാരായ ഹാഷിം, അനീഷ്, അരുണ്‍, സിപിഒമാരായ അനൂപ്, പ്രമോദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.
പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064ലോ 8592900900 എന്ന നമ്പറിലോ അല്ലെങ്കില്‍ 94477789100 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കാം.