തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സിനിമാ താരങ്ങളെത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനിൽ നിന്നായിരുന്നു നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ആരാധകർ നടന് വലിയ വരവേൽപ്പും നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. വോട്ട് ചെയ്യാനെത്തിയ താരത്തിന്റെ കൈയിലും തലയിലും ബാൻഡേജ് ഒട്ടിച്ചിരുന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഗോട്ട് സിനിമയുടെ റഷ്യൻ ഷെഡ്യൂളിനിടയിൽ വിജയ്ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ പരിക്കിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.
അതേസമയം ഗോട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് ഇരട്ട വേഷങ്ങളിലാണ് എത്തുന്നത്. സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.