ചെന്നൈ: വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. വിജയ് നടത്തിയ സമീപകാല പരിപാടികള്‍ എല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ചര്‍ച്ച സജീവമായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. വിസികെ നേതാവ് തിരുമാവളവൻ പരസ്യമായി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു.
അതേ സമയം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നടനായ ശരത് കുമാര്‍. ശരത് കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ പോര്‍ തൊഴില്‍ ചിത്രത്തിന്‍റെ വിജയാഘോഷം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. അതില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ എന്താണ് അഭിപ്രായം എന്നാണ് മാധ്യമങ്ങള്‍ ചോദിച്ചത്. ഇതില്‍ എല്ലാവരും രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് തന്‍റെ ആഗ്രഹം എന്നാണ് ശരത് കുമാര്‍ പറഞ്ഞത്. തങ്കളുടെ കക്ഷി വിജയ് ഇത്തരത്തില്‍ വന്നാല്‍ കൂട്ടുകക്ഷിയാകുമോ എന്ന ചോദ്യത്തിന് ഒരു വ്യക്തി രാഷ്ട്രീയത്തിലേക്ക് വരും മുന്‍പ് തന്നെ സഖ്യകക്ഷിയാകുമോ എന്നത് ബാലിശമായ ചോദ്യമാണെന്ന് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ഇത്തരം ചോദ്യങ്ങളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുമായി രൂക്ഷമായ തര്‍ക്കം തന്നെ ശരത് കുമാര്‍ നടത്തി. തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ സമത്വ മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തനം നന്നായി പോകുന്നുണ്ടെന്നും ശരത്കുമാര്‍ പറഞ്ഞു. മദ്യനിരോധനം അടക്കം തന്‍റെ കക്ഷിയുടെ ക്യാംപെയിനുകള്‍ നടക്കുന്നതായി ശരത് കുമാര്‍ പറഞ്ഞു.
അതേ സമയം ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ വന്‍ വിജയമാകുകയാണ്. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 9 ന് ആണ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 17 ദിവസം കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയത് 23 കോടി രൂപയോളമാണ്.
ഒന്നാം നിര സൂപ്പര്‍താരങ്ങളില്ലാത്ത, താരതമ്യേന ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രത്തെ സംബന്ധിച്ച് വലിയ വിജയമാണ് ഇത്. അതേസമയം കേരളത്തില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 5.7 കോടി രൂപയാണ്. സമീപകാലത്തിറങ്ങിയ ഭൂരിഭാഗം മലയാള ചിത്രങ്ങള്‍ക്കും ലഭിക്കാത്ത തരത്തിലുള്ള കളക്ഷനാണ് ഇത്.