ദക്ഷിണാഫ്രിക്ക : കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒരു രാജ്യമുണ്ട്. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക. ഒമിക്രോണിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതു മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുകയാണ്. പുതിയ വകഭേദത്തിനെ കുറിച്ച് ആദ്യ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയ ഇവിടുത്തെ വൈറോളജി ലാബുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കോവിഡിനെ നേരിടുന്നതില്‍ അത്യന്തം സുപ്രധാനമായിരിക്കുന്നു.
എന്നാല്‍ ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തു എന്നതു മാത്രമല്ല കോവിഡ് പോരാട്ടത്തിലെ ദക്ഷിണാഫ്രിക്കയുടെ സംഭാവന. കോവിഡിന്‍റെ ആശങ്കപ്പെടുത്തുന്ന അഞ്ച് വകഭേദങ്ങളില്‍ ഒമിക്രോണിന് പുറമേ ബീറ്റ വകഭേദത്തെയും തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കന്‍ ലാബുകളാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ക്ക് കോവിഡ് വകഭേദങ്ങളെ കണ്ടെത്താനുള്ള ജനിതക സീക്വന്‍സിങ്ങിനെ സംബന്ധിച്ച് പരിശീലനം നല്‍കിയതും ദക്ഷിണാഫ്രിക്കയാണ്. കോവിഡിനെ നേരിടുന്നതില്‍ വൈറസുകളുടെ ജനിതക സീക്വന്‍സിങ്ങിന്‍റെ പ്രാധാന്യവും രാജ്യം ആദ്യംതന്നെ തിരിച്ചറിഞ്ഞു.
കോവിഡിന്‍റെ ആദ്യ വരവില്‍ പരീക്ഷണത്തിനായുള്ള വസ്തുക്കള്‍ ഉള്‍പ്പെടെ പലതും ദക്ഷിണാഫ്രിക്കന്‍ അതിര്‍ത്തി കടന്നെത്താന്‍ ബുദ്ധിമുട്ട് നേരിട്ടു. പരീക്ഷണങ്ങള്‍ക്കായി വൈറസ് വളര്‍ത്താനുള്ള കോശങ്ങളുടെ ലഭ്യതയ്ക്കു പോലും ക്ഷാമമുണ്ടായി. ഈയവസരത്തില്‍ കൃത്രിമമായി മനുഷ്യ ശ്വാസത്തിലെ കോശങ്ങളെയും ഇവിടുത്തെ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തു. അലക്സ് സിഗല്‍ എന്ന ഇസ്രയേലി-കനേഡിയന്‍ ശാസ്ത്രജ്ഞന്‍ ദക്ഷിണാഫ്രിക്കന്‍ ലാബുകളില്‍ രൂപം നല്‍കിയ H 1299-ACE 2 എന്ന കോശങ്ങളാണ് ഒമിക്രോണ്‍ ഉള്‍പ്പെടെ പല കോവിഡ് വകഭേദങ്ങളുടെയും പരീക്ഷണങ്ങള്‍ക്കായി ഇന്ന് രാജ്യത്ത് ഉപയോഗിക്കുന്നത്.
വൈദ്യശാസ്ത്ര മേഖലയ്ക്ക് പുറത്തുള്ളവര്‍ക്ക് ഒരു പക്ഷേ മഹാമാരിയെ നേരിടുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് അത്ര അറിവുണ്ടാകണമെന്നില്ല. എന്നാല്‍ ദശകങ്ങളായി എച്ച്ഐവിക്കും ക്ഷയരോഗത്തിനും എതിരെ പോരാടിക്കൊണ്ടിരിക്കുന്ന രാജ്യം വൈറസുകളുടെയും ബാക്ടീരിയകളുടയും ജനിതക സീക്വന്‍സിങ് അടക്കമുള്ള കാര്യങ്ങളില്‍ അസൂയാര്‍ഹമായ വൈദഗ്ധ്യം കൈവരിച്ചിരുന്നു. ഈ ഗവേഷണശേഷിയാണ് കോവിഡ് മഹാമാരിയുടെ വരവോടെ ദക്ഷിണാഫ്രിക്ക ഉപയോഗപ്പെടുത്തിയത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസിലും ആറ് അക്കാദമിക കേന്ദ്രങ്ങളിലുമായി ഏഴ് ജനിതക സീക്വന്‍സിങ് നിരീക്ഷണ ലാബുകളുടെ ശൃംഖലയാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. കോവിഡിനെതിരെ പല നിര്‍ണായകമായ ഗവേഷണ പഠനങ്ങളും ഈ ലാബുകളില്‍ നടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഈ ഗവേഷണ ശേഷി വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. മഹാമാരിയെ അവസാനിപ്പിക്കുന്നതിന് അതിവേഗം വ്യതിയാനം സംഭവിക്കുന്ന വൈറസിനും മുന്നേ സഞ്ചരിക്കണമെന്നും പുതുതായി ഉണ്ടാകാന്‍ സാധ്യതയുള്ള വകഭേദം കണ്ടെത്തണമെന്നും ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞനായ സാന്‍ഡൈല്‍ സിലി പറയുന്നു. ഇതിനു വേണ്ടിയുള്ള പഠനങ്ങള്‍ ഇവിടുത്തെ വൈറോളജി ലാബുകളില്‍ പുരോഗമിക്കുകയാണ്.