കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ കൊല്ലം അഡിഷനൽ സെഷൻസ് കോടതി ഇന്ന് വിധി പറയാനിരിക്കെ, പീഡനം സംബന്ധിച്ച് ഒരു ശബ്ദരേഖ കൂടി പുറത്തുവന്നു.2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ ജൂൺ 21 നു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.
വിവാഹം കഴിഞ്ഞ് 9 ാം ദിവസം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കൾ പരാതി നൽകിയതും കിരൺ അറസ്റ്റിലായതും. കിരണിനെ പിന്നീട് സർവീസിൽ നിന്നു പിരിച്ചു വിട്ടു.
വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു വിധി. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകൾ നൽകുകയും 118 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻപിള്ള, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികൾ വിസ്താരത്തിനിടെ കൂറു മാറിയിരുന്നു.