തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ച് സംഭവിച്ച തീരശോഷണത്തെക്കുറിച്ച് പഠനം നടത്തിയ ഡോ. എം.ഡി. കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ തലത്തിൽ വിശദമായി പരിശോധിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. പുണെയിലെ കേന്ദ്ര ജല-ഊർജ്ജ ഗവേഷണകേന്ദ്രം മുൻ അഡീഷണൽ ഡയറക്ടർ ഡോ. എം.ഡി.കുഡാലെ ചെയർമാനും കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോസഫ്, െബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. തേജൽ കനിത്കർ, കണ്ട്‌ലാ പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എൻജിനീയർ ഡോ. പി.കെ.ചന്ദ്രമോഹൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിക്കാണ് സർക്കാർ രൂപം നൽകിയത്.
സമിതി പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് ലത്തീന്‍ സഭയുടെ ഫാ.യൂജിന്‍ പെരേര നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുതലപ്പൊഴിലടക്കം മത്സ്യത്തൊഴിലാളികള്‍ ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥയിലാണെന്നും ഫാ.യൂജിന്‍ പെരേര അഭിപ്രായപ്പെട്ടിരുന്നു.