തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാർ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളാണെടുത്തത്.
കൺസഷൻ കരാറിലെ വ്യവസ്ഥകൾ പ്രകാരം നിർമ്മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ് (എവിപിപിഎൽ ) 03.12.2019-ലാണ് നിർമ്മാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ, നിശ്ചിത സമയത്ത് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. (വിഐഎസ്എൽ ) ആവശ്യം നിരസിച്ചിരുന്നു. തുടർന്ന് വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് ലിമിറ്റഡും എവിപിപിഎല്ലും ആർബിട്രേഷൻ നടപടികൾ ആരംഭിച്ചു. ആർബിട്രേഷൻ തുടരുന്നത് പദ്ധതിയെ അനിശ്ചിതമായി നീട്ടുമെന്നും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിർമാണപ്രവർത്തനം പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.
പദ്ധതി പൂർത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവർഷം ദീർഘിപ്പിച്ചു നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2024 ഡിസംബർ 3 ആണ് പൂർത്തീകരണ തീയതി. കരാർ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂർത്തിയാക്കേണ്ടത്. എന്നാൽ, 10,000 കോടി രൂപ മുതൽമുടക്കേണ്ട ഈ ഘട്ടങ്ങൾ 2028-ൽ പൂർത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നിശ്ചയിച്ചതിനേക്കാൾ 17 വർഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും.
അഞ്ചുവർഷം നീട്ടി നൽകുമ്പോൾ ഈ കാലയളവിൽ പ്രതിബദ്ധതാ ഫീസായി സർക്കാർ എവിപിപിഎല്ലിന് നൽകേണ്ട 219 കോടി രൂപ ഇക്വിറ്റി സപ്പോർട്ടിൽ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയിൽ നാലു വർഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നപക്ഷം എവിപിപിഎല്ലിന് തിരികെ നൽകും. ഒരു വർഷത്തെ തുകയായ 43.8 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034ൽ റവന്യൂ ഷെയറിംഗ് ആരംഭിക്കും. വ്യവസ്ഥകൾ അംഗീകരിക്കുന്നതനുസരിച്ച് തുടർനടപടികളുമായി മുന്നോട്ടുപോകാനും ത്രികക്ഷി കരാർ ഒപ്പുവയ്ക്കാനുമാണ് തീരുമാനം. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.