പാലക്കാട്: ഇനിയും പൊട്ടിപ്പൊളിയാതെ വിസ്മയമായ 19 കൊല്ലം മുമ്പ് നിർമിച്ച കുളപ്പുള്ളി മുതൽ പാലക്കാട് വരെ 48 കിലോമീറ്റർ റോഡ് പണിത എൻജിനീയറെ കണ്ട വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. 2001 മുതൽ 2007 വരെ റോഡ് നിർമാണ ചുമതല ഉണ്ടായിരുന്ന മലേഷ്യൻ കമ്പനിയുടെ പ്രെജക്ട് എൻജിനീയർ മുഹമ്മദ് ഇദ്രിസ് അബ്ദുല്ലയെയാണ് ഡോ. ഹംസ അഞ്ചുമുക്കിൽ യാത്രാേവ്ലാഗിലൂടെ കണ്ടെത്തിയത്.
വ്ളോഗറായ ഹംസ രണ്ടാഴ്ച മുമ്പ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് മലേഷ്യയിൽ എത്തിയപ്പോഴാണ് സുഹൃത്ത് സാലിഹ് ആലിക്കൽ മുഖേന ഇദ്രിസിനെ കണ്ടുമുട്ടിയത്. മുത്തച്ഛൻ തിരുവനന്തപുരം സ്വദേശിയായിരുന്നെങ്കിലും ജീവിച്ചത് മലേഷ്യയിലാണ്. മലേഷ്യയിലെ പ്രമുഖ പ്രോപ്പർട്ടി ഗ്രൂപ്പിന്‍റെ പ്രോപ്പർട്ടി ഡെവലപർ ചീഫ് ഓപറേറ്റീവ് ഓഫിസറാണിപ്പോൾ ഇദ്രിസ്. കേരളത്തിൽനിന്ന് മടങ്ങുമ്പോൾ കമ്പനിക്ക് പണം കിട്ടാനുണ്ടായിരുന്നെന്നും പിന്നീട് കമ്പനി മാറിയതോടെ ഇപ്പോൾ അത് സംബന്ധിച്ച് വ്യക്തമായി അറിയില്ലെന്നുമാണ് ഇദ്രിസ് പറയുന്നത്.
അതേസമയം, ആത്മഹത്യ ചെയ്ത മലേഷ്യൻ കോൺട്രാക്ടർ മരിച്ചിട്ടില്ല എന്ന രീതിയിൽ അവതരിപ്പിച്ച േവ്ലാഗിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അതേ കാലയളവിൽ എം.സി റോഡ് ഉൾപ്പെടെയുള്ള സ്റ്റേറ്റ് ഹൈവേയുടെ നിർമാണകരാർ ഏറ്റെടുത്ത പതിബെൽ കമ്പനിയുടെ ലീ സീ ബീൻ എന്ന 58കാരനായ മേൽനോട്ടച്ചുമതലക്കാരൻ ബിൽതുകയായ 16 കോടി കിട്ടാത്തതിനെത്തുടർന്ന് 2006 നവംബർ 17ന് തൂങ്ങിമരിച്ചിരുന്നു.