ദില്ലി: ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർഗെ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർഗെ പറഞ്ഞു.
ജനാധിപത്യം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. അങ്ങനെ നമ്മുടെ സ്ഥാപനങ്ങൾക്ക് അവയുടെ സ്വതന്ത്ര രൂപത്തിലേക്ക് മടങ്ങാനും ക്രൂരമായ ശക്തികളാൽ അമർത്തപ്പെടാതിരിക്കാനും കഴിയുമെന്നും ഖാർഗെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗാണ് ഇന്ന് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുന്നത്.