തിരുവനന്തപുരം : മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാല്‍ വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതെയും കഴിയുകയായിരുന്നു വിഎസ്.
ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിഎസ്. നവംബര്‍ 19ന് ആശുപത്രിവിട്ട ശേഷം വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. വിഎസിന്റെ മകന് വിഎ അരുണ്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്.