കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ബഹിഷ്കരിക്കണമെന്ന ഇടത് അനുകൂലികളുടെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ നിന്നുള്ള പ്രചാരണത്തിൽ പ്രതികരിച്ച് കോൺഗ്രസ് മുൻ എംഎൽഎ വി ടി ബൽറാം. തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ടേ എന്നാലും വന്നേക്കണേ എന്ന വാചകത്തോടെ നൽകിയ സിനിമാ പരസ്യമാണ് വിവാദമായിരിക്കുന്നത്.
കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ – എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഇവന്മാർക്ക് പ്രാന്താണ ! എന്നും ബൽറാം ചോദിക്കുന്നു.
അതേസമയം ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും അത്ര തന്നെയെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.
“കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമിൽ കിട്ടുമല്ലോ, അവസാനനിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവൻ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതു വരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവിശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്. ഒരു സിനിമ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് വേണം അത് മനസിലാക്കിയാൽ നല്ലത്, സർക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയിൽ വീണു പരിക്കുപറ്റിയാൽ ചാക്കോച്ചൻ ആശുപത്രി ചിലവ് നൽകുമോ..”, എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റ് താഴെ വരുന്ന കമന്റുകൾ.