ശബരിമല: മണ്ഡലകാലം തുടങ്ങിയതിനുശേഷം ഏറ്റവും വലിയ തീർഥാടക പ്രവാഹത്തിന് സാക്ഷ്യം വഹിച്ച് ശബരിമല. വെള്ളിയാഴ്ച മാത്രം ഒന്നര ലക്ഷത്തിനടുത്ത് ഭക്തർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ 1,07,695 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ ഇരുപതിനായിരത്തോളം പേരും സന്നിധാനത്തെത്തി.
വ്യാഴാഴ്ച വൈകീട്ട് മുതൽ തന്നെ തീർഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. 89,063 പേർ വ്യാഴാഴ്ച ദർശനം നടത്തി. ഇതു കൂടാതെ ദർശനം നടത്താൻ കഴിയാതിരുന്നവരുടെ നീണ്ടനിരയും നടപ്പന്തലിൽ നിറഞ്ഞു. വെള്ളിയാഴ്ച പുലർച്ച കൂടുതൽ തീർഥാടകർ എത്തിയതോടെ സന്നിധാനം തിരക്കിലമർന്നു.
പുലർച്ച നട തുറക്കുംമുമ്പേ നടപ്പന്തലിനുപുറത്തേക്ക് നീണ്ടവരി പ്രത്യക്ഷപ്പെട്ടു. ഇത് പിന്നീട് ശരംകുത്തിയിലേക്കും മരക്കൂട്ടത്തേക്കും നീണ്ടു. തിരക്കേറിയതോടെ വ്യാഴാഴ്ച ദർശനം കഴിഞ്ഞ് മടങ്ങാത്തവരോട് എത്രയും വേഗം മലയിറങ്ങാൻ പൊലീസ് കർശന നിർദേശം നൽകി. ഇതുകൂടാതെ മരക്കൂട്ടം, ശരംകുത്തി, പമ്പ എന്നിവിടങ്ങളിൽനിന്ന് തീർഥാടകരെ കയറ്റിവിടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
ഗ്രൗണ്ട് നിറഞ്ഞതോടെ നിലയ്ക്കലിൽ വാഹന പാർക്കിങും പ്രതിസന്ധിയിലായി. നിലയ്ക്കൽ–പമ്പ പാതയിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. വെള്ളിയാഴ്ച ദർശനം നടത്താനാവാതിരുന്നവർ നടയടച്ചശേഷവും നടപ്പന്തലിൽ കാത്തിരിപ്പിലാണ്. ശനിയാഴ്ച 90,500 പേർ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഇതു കൂടിയാകുമ്പോൾ ശനിയാഴ്ചയും ദർശനത്തിന് ഏറെനേരം കാത്തിരിക്കേണ്ടി വരും. ഞായറാഴ്ച 59,814 പേരും തിങ്കളാഴ്ച ഒരുലക്ഷത്തിന് മുകളിൽ (1,03,716) പേരും ബുക്ക് ചെയ്തിട്ടുണ്ട്. ശബരിമലയിലെ തിരക്കിന് അനുസരിച്ച് ബേസ് ക്യാമ്പായ നിലയ്ക്കലിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.