തിരുവനന്തപുരം : ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ എല്ലാ ജില്ലകളിലും പൊലീസ് സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിങ് കുട്ടികളും മുതിര്‍ന്ന വനിതകളും ഉള്‍പ്പെടെയുളളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതിക്രമങ്ങള്‍ നേരിടുന്നതിനുളള ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു.സംസ്ഥാനത്ത് 8125 പേരാണ് പ്രായഭേദമന്യേ പരിശീലനത്തില്‍ പങ്കെടുത്തത്. സിനിമാതാരങ്ങളും ജനപ്രതിനിധികളും വിവിധ ജില്ലകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. സ്വയം പ്രതിരോധമുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ക്ലാസ്സുകളെടുത്തു. എല്ലാ ജില്ലകളിലും സൗജന്യമായാണ് പരിശീലനം നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി ദിവസേന നാലു ബാച്ചുകളിലായാണ് പരിശീലനം നല്‍കിയത്.
പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാലു വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണെന്നും സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു. ഫോണ്‍ 0471 2318188