യാങ്കൂൺ : മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചിക്ക് വീണ്ടും നാലു വർഷം തടവു ശിക്ഷ. സൂചിക്കെതിരേ രജിസ്റ്റർ ചെയ്ത മൂന്നു ക്രിമിനൽ കേസുകളിലാണ് ശിക്ഷ വിധിച്ചത്. ലൈസൻസില്ലാതെ വാക്കിടോക്കി കൈവശം വെച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി ശിക്ഷ വിധിച്ചത്. സൈനിക ഭരണകൂടത്തിനെതിരേ ജനവികാരം ഇളക്കിവിട്ടു എന്നാരോപിച്ച് കഴിഞ്ഞ മാസം സൂചിയെ നാലു വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നാല് വർഷം തടവു ശിക്ഷ വിധിച്ചത്. 2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് സൂചിക്ക് ഭരണം നഷ്ടമായത്. തുടർന്ന് സൂചിയേയും പ്രസിഡന്റ് വിൻ മിൻടൂവിനേയും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തു.
83% വോട്ടുകൾ നേടി സൂചിയുടെ കക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻ വിജയം നേടിയ 2020 നവംബർ എട്ടിലെ പൊതുതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണ് പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി, ഡവലപ്മെന്റ് പാർട്ടി എന്നിവയ്ക്ക് 476 സീറ്റിൽ ആകെ 33 സീറ്റു മാത്രമാണ് ലഭിച്ചിരുന്നത്.