കൊൽക്കത്ത: മലയാളിയായ ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. ‘സുഖമില്ലെന്ന് അറിയിച്ചിട്ടും കെകെ പാടാൻ നിർബന്ധിതനായി’ എന്നാണ് ബിജെപി ബംഗാൾ ഉപാധ്യക്ഷൻ ദിലീപ് ഘോഷിന്റെ ആരോപണം.
പരിപാടി നടന്നത് കോളജിന്റെ പേരിലാണെങ്കിലും തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് പ്രധാന സംഘാടകരെന്നും ഘോഷ് ആരോപിച്ചു. കെകെയുടെ സംസ്കാരം മുംബൈയിൽ നടന്നെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചന നൽകിയാണ് ബിജെപി വീണ്ടും രംഗത്തെത്തിയത്.കൊൽക്കത്തയിൽ ഒരു പരിപാടിയിൽ പാടുന്നതിനിടെ നെഞ്ചു വേദനയുള്ളതായി കെകെ പരാതിപ്പെട്ടിരുന്നു. പിന്നീടു പരിപാടിക്കുശേഷം ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണു മരണകാരണമെന്നു കണ്ടെത്തിയിരുന്നു.
ദക്ഷിണ കൊൽക്കത്തയിലെ രണ്ടു കോളജുകൾ സംഘടിപ്പിച്ച പരിപാടി നാസ്റുൽ മഞ്ച് ഓഡിറ്റോറിയത്തിലാണു നടന്നത്. ഇതിൽ ഗുരുദാസ് കോളജ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെയാണു കെകെ കുഴഞ്ഞുവീണത്.‘കൊൽക്കത്തയിൽ പരിപാടിക്കിടെയാണു കെകെ മരിച്ചത്. അത് ഏതെങ്കിലും കോളജ് സംഘടിപ്പിച്ച പരിപാടിയായിരുന്നില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് പരിപാടിയുടെ സംഘാടകർ. സുഖമില്ലെന്നു പരാതിപ്പെട്ടിട്ടും അദ്ദേഹം പാടാൻ നിർബന്ധിതനായി. തീരെ വയ്യാതായ അദ്ദേഹം പതിവിലും വിയർത്തിരുന്നു. വേദി വിടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണ്’ – ദിലീപ് ഘോഷ് പറഞ്ഞു.
അതേസമയം, ബിജെപി നേതാവിന്റെ ആരോപണത്തിൽ യാതൊരു വാസ്തവവുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. സ്വന്തം പാർട്ടിക്കാരെ ആക്രമിച്ചതിന്റെ പേരിൽ നേതൃത്വത്തിൽനിന്നു മാറ്റിനിർത്തപ്പെട്ട ദിലീപ് ഘോഷ്, മുഖ്യധാരയിൽ സജീവമായി നിൽക്കുന്നതിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു.
‘എന്താണ് സംഭവിച്ചതെന്ന് ദിലീപ് ഘോഷിനേക്കാൾ നന്നായി അറിയാവുന്ന വ്യക്തിയാണ് കെകെയുടെ മാനേജർ. ഇത്തരം മരണങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ബിജെപിയുടെ പൊതു ശൈലിയാണ്. അത് അവർക്ക് നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. ദിലീപ് ഘോഷിനെ പാർട്ടി തന്നെ നിയന്ത്രിച്ചതാണ്. ഇപ്പോൾ അദ്ദേഹം കടുത്ത സമ്മർദ്ദത്തിലാണ്. അതാണ് ഇത്തരം ആരോപണങ്ങൾക്കു പിന്നിൽ’ – തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു.