പല തരത്തിൽ കുട്ടികളെ ശിക്ഷിക്കുന്ന മാതാപിതാക്കളുണ്ട്. അത്രയേറെ ക്രൂരത കുട്ടികളോട് കാണിക്കുന്നവരും കുറവല്ല. ചൈനയിലെ ഒരു മാതാപിതാക്കൾ അതുപോലെ കുട്ടിയെ ശിക്ഷിച്ചതിന് വലിയ തരത്തിലുള്ള വിമർശനം നേരിടുകയാണ്. എങ്ങനെയാണ് അവർ കുട്ടിയെ ശിക്ഷിച്ചത് എന്നല്ലേ? ഒരു രാത്രി മുഴുവനും കുട്ടിയെ ടിവി കാണാൻ നിർബന്ധിച്ചു. എന്തിനായിരുന്നു ഈ ശിക്ഷ എന്നോ, അധികനേരം ടിവി കണ്ടു എന്നും പറഞ്ഞാണ് കുട്ടിയെ മാതാപിതാക്കൾ ഇത്തരത്തിൽ ശിക്ഷിച്ചത്.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. അച്ഛനും അമ്മയും പുറത്ത് പോകവേ എട്ട് വയസുള്ള കുട്ടിയോട് ഹോം വർക്ക് ചെയ്യാനും 8.30 -ന് ഉറങ്ങാനും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കൾ വീട്ടിലേക്ക് തിരികെ എത്തിയപ്പോൾ കുട്ടി ഹോം വർക്ക് ചെയ്തിരുന്നില്ല. ആ സമയമെല്ലാം കുട്ടി ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നത്രെ.
ഏതായാലും മാതാപിതാക്കൾ തിരികെ എത്തിയപ്പോൾ കുട്ടി ഉറങ്ങാനായി പോയിരുന്നു. എന്നാൽ, കുട്ടിയുടെ അമ്മ അവനെ കട്ടിലിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ച് ലിവിംഗ് റൂമിലേക്ക് കൊണ്ടു വന്നു. ടിവി ഓൺ ചെയ്തു. രാത്രി മുഴുവനും കുട്ടിയോട് ടിവി കാണാൻ ആവശ്യപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ വൈറലായി. അതിൽ കുട്ടി ആദ്യമൊക്കെ സാധാരണ പോലെ ഇരുന്ന് ടിവി കാണുന്നുണ്ടെങ്കിലും സമയം പോകെപ്പോകെ അവനാകെ കഷ്ടപ്പാടിലാവുന്നത് വീഡിയോയിൽ കാണാം. ഒരു ഘട്ടത്തിൽ കുട്ടി തന്റെ മുറിയിലേക്ക് ചെല്ലാനും ഉറങ്ങാനും ശ്രമിക്കുന്നുണ്ട് എങ്കിൽ പോലും അവന്റെ മാതാപിതാക്കൾ അവനെ അതിന് സമ്മതിക്കുന്നില്ല. പലവട്ടം കുട്ടി ഉറങ്ങി പോകുന്നുണ്ട് എങ്കിലും അപ്പോഴെല്ലാം അവന്റെ അമ്മ അവനെ തട്ടിവിളിച്ച് ഉണർത്തുകയായിരുന്നു എന്നും വീഡിയോ കണ്ടവർ വിമർശിക്കുന്നു. അങ്ങനെ രാവിലെ അഞ്ച് മണി വരെ കുട്ടിയെ മാതാപിതാക്കൾ ഉറങ്ങാൻ സമ്മതിച്ചില്ലത്രെ.
ഏതായാലും സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് ഇതിനെ വിമർശിച്ചത്. അതേ സമയം ചിലർ മാതാപിതാക്കളുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ‘തന്റെ മകന് കെഎഫ്‍സിയോട് ഭയങ്കര ആവേശമായിരുന്നു, എന്നാൽ മൂന്ന് ദിവസം തുടർച്ചയായി അത് നൽകിയപ്പോൾ ആ ഇഷ്ടം പോയി’ എന്ന് ഒരാൾ കമന്റിട്ടു. എന്നാൽ, മിക്കവരും ‘ഇത്തരം പെരുമാറ്റം നല്ലതല്ല എന്നും കുട്ടികളെ ഇങ്ങനെ അല്ല ശിക്ഷിക്കേണ്ടത്’ എന്നുമാണ് കമന്റിട്ടത്.