തിരുവനന്തപുരം: ഗാർഹിക-ഗാർഹികേതര-വ്യവസായ ഉപഭോക്താക്കൾക്ക് ഇനി കാഷ് കൗണ്ടറിലൂടെയും ഓൺലൈനായും വെള്ളക്കരം അടക്കാം. ഗാർഹിക ഉപഭോക്താക്കൾ ഒഴികെയുള്ളവരുടേത് ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂവെന്ന ഉത്തരവ് വാട്ടർ അതോറിറ്റി മരവിപ്പിച്ചു.
500 രൂപ വരെയുള്ള വാട്ടർ ചാർജ് ഓൺലൈൻ വഴിയും കാഷ് കൗണ്ടർ വഴിയും അടക്കാനുള്ള സൗകര്യം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമാക്കി ജനുവരിയിൽ ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്. പരിഷ്കാരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്.
അതേസമയം, ഫെബ്രുവരി മൂന്നിന് നിലവിൽ വന്ന പുതിയ നിരക്കോടെ വെള്ളക്കരത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ജലഅതോറിറ്റി പുറത്തുവിട്ട അന്തിമ നിരക്ക് പ്രകാരം മാസം 25 കിലോ ലിറ്റർ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് 250 രൂപയോളം വർധന വരും. വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും നിരക്ക് ഗണ്യമായി കൂടും.
എന്നാൽ, ഫിക്സഡ് ചാർജിൽ വർധന വരുത്തിയിട്ടില്ല. 15,000 ലിറ്റർവരെ മാസം ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് വെള്ളക്കരം നൽകേണ്ട എന്ന നില തുടരും.
മാസം 5000 ലിറ്റർവരെ ഉപയോഗിക്കുന്ന കുടുംബത്തിന് 50 രൂപ അധികം നൽകേണ്ടിവരും. നിലവിൽ 22.05 രൂപ കൊടുത്തിരുന്നവർ ഇനി 72.05 രൂപയാണ് നൽകേണ്ടിവരിക. രണ്ടിരട്ടിയോളം വർധനയാണ് വന്നത്. സമാന നിരക്കിലുള്ള വമ്പൻ വർധനയാണ് എല്ലാ സ്ലാബുകളിലും ഉണ്ടായത്.