കൊച്ചി: വാട്ടര്‍ മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുകയാണ്. വാട്ടര്‍ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് ഉദ്ഘാടനം ചെയ്യും. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സര്‍വീസ്. ഒട്ടനവധി സവിശേഷതകളുമായാണ് കൊച്ചി വാട്ടര്‍ മെട്രോ വരുന്നത്. രാവിലെയും വൈകിട്ടും 15 മിനിറ്റ് ഇടവിട്ട് ബോട്ടുകള്‍ സര്‍വീസ് നടത്തും. മറ്റു സമയങ്ങളില്‍ 20-30 മിനിട്ട് ഇടവിട്ടായിരിക്കും സര്‍വീസ്. വൈകാതെ വൈറ്റില-കാക്കനാട് റൂട്ടിലും വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കും. ആധുനിക സംവിധാനങ്ങളും ലോകോത്തര ടെര്‍മിനലുകളുമായി ശബ്ദരഹിത എ.സി വൈദ്യുത ബോട്ടുകള്‍ ഉള്‍പ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്തെ ആദ്യത്തേതാണ്.
ഒരേസമയം 100 യാത്രക്കാര്‍ക്ക് കയറാവുന്ന ബോട്ടുകളാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഒരു ബോട്ടില്‍ മൂന്ന് ജീവനക്കാരാണ് ഉണ്ടാകുക. 7.6 കോടി രൂപയാണ് ഒരു ബോട്ടിന്റെ വില. 10-15 മിനിട്ട് ചാര്‍ജ് ചെയ്താല്‍ ഒന്നര മണിക്കൂര്‍ സര്‍വീസ് നടത്താനാകും. 76 കിലോമീറ്റര്‍ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ്. വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ട്.