ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉയർന്ന ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ എപ്പോഴും ഇവിടെയുണ്ടായിരുന്നു, എവിടെയും പോയിട്ടില്ല. ഇപ്പോൾ ട്രോളന്മാർക്ക് ‘ലാപതാ ജെന്റിൽമെൻ തിരിച്ചെത്തി’യെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ കിരൺ റാവുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലാപതാ ലേഡീസ്’ (കാണാതായ സ്ത്രീകൾ) എന്ന സിനിമയുടെ പേര് ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമീഷനെതിരെ ട്രോളുകൾ ഉയർന്നിരുന്നത്.
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ 64.2 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ഇതോടെ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയതിന്റെ റെക്കോഡ് ഇന്ത്യയുടെ പേരിലായെന്നും രാജീവ് കുമാർ പറഞ്ഞു. 31.2 കോടി വനിതകളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. 68000 മോണിറ്ററിങ് ടീമുകളെയും 1.5 കോടി പോളിങ്-സുരക്ഷ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചത്. നാല് ലക്ഷം വാഹനങ്ങളും 135 സ്പെഷൽ ട്രെയിനുകളും 1692 എയർ സർവിസുകളും തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു.
39 ഇടങ്ങളിൽ മാത്രമാണ് റീ പോളിങ് നടത്തേണ്ടി വന്നത്. 2019ൽ 540 ഇടങ്ങളിൽ റീപോളിങ് വേണ്ടിവന്നിരുന്നു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് (58.58) രേഖപ്പെടുത്തപ്പെട്ടതെന്നും തെരഞ്ഞെടുപ്പ് കമീഷണർ വെളിപ്പെടുത്തി.