റിയാദ്: ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും മേഖലയിലെ സാമധാനത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ഹമാസ്-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റിയാദിലെത്തിയ ബ്ലിങ്കൻ ശനിയാഴ്ച സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നിലപാട് വ്യക്തമാക്കിയത്.
മേഖലയിൽ സമാധാനം കൊണ്ടു വരുന്നതിനും ഗസ്സയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഞങ്ങൾ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഗസ്സയിൽ ‘സുരക്ഷിത മേഖലകൾ’ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും അതുപോലെ ‘ഒരു മാനുഷിക ഇടനാഴി’ തുറക്കാനും അതുവഴി മാനുഷിക സഹായം ആവശ്യമുള്ള ആളുകളിലേക്ക് എത്തിക്കാനും ഞങ്ങൾ കൂട്ടായ ശ്രമം നടത്തുകയാണ്. ഇസ്രായേലിലായാലും ഗസ്സയിലായാലും മറ്റെവിടെയായാലും സിവിലിയന്മാർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. അവരെ സംരക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ് -ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
എത്രയും വേഗം വെടിനിർത്തലുണ്ടാവണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനായി ആഹ്വാനം ചെയ്യുകയും മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയുമാണെന്നും കൂടിക്കാഴ്ചക്ക് ശേഷം അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ഇത് അസ്വസ്ഥജനകമായ ഒരു സാഹചര്യമാണ്. വളരെ വേദനാജനകമാണ്. സംഘർഷത്തിന്‍റെ രൂക്ഷമായ ഫലം അനുഭവിക്കുന്നത് സാധാരണക്കാരാണ്. ഇരുവശത്തുമുള്ള സിവിലിയൻ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നു.
കൂടുതൽ സിവിലിയൻ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടത്. മേഖലയിൽ വേഗത്തിൽ സമാധാനം തിരികെ കൊണ്ടുവരാനും അക്രമം അവസാനിപ്പിക്കാനും ഇനി ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാനും സാധ്യമായ ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്നും സൗദി മന്ത്രി ഊന്നിപ്പറഞ്ഞു. ഇരുവശത്തുമുള്ള സാധാരണക്കാരായ ജനങ്ങളെയാണ് ബാധിക്കുന്നത്. ഏത് സമയത്തും ഏത് കാരണത്താലും സിവിലിയന്മാരെ ലക്ഷ്യം വെക്കുന്നതിനെ നമ്മളെല്ലാവരും അപലപിക്കുന്നു എന്നത് പ്രധാനമാണ് -അമീർ ഫൈസൽ കൂട്ടിച്ചേർത്തു.
ഗസ്സയിലെ അക്രമം നിയന്ത്രിക്കാൻ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും നടത്തുന്ന അറബ്, പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ആൻറണി ബ്ലിങ്കൻ വെള്ളിയാഴ്ച രാത്രിയിലാണ് സൗദിയിലെത്തിയത്. സംഘർഷം പടരുന്നത് തടയാനും ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയന്മാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ സാധ്യമാക്കാനും സഹായിക്കുന്നതിനുള്ള ശ്രമങ്ങളിൽ പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ് സെക്രട്ടറിയുടെ പര്യടനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് മാറ്റ് മില്ലർ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബാസുമായും ആൻറണി ബ്ലിങ്കൺ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ഖത്തറിലെത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായും ചർച്ച നടത്തിയ ശേഷമാണ് റിയാദിലെത്തിയത്. ഫലസ്തീൻ ഇസ്രായേൽ സംഘർഷം ആരംഭിച്ച് ഏഴാമത്തെ ദിവസമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അറബ് പര്യാടനം. ഒരൊറ്റ ദിവസത്തിലാണ് നാല് രാജ്യങ്ങൾ സന്ദർശിച്ചത്. ഞായറാഴ്ച യു.എ.ഇയിലെത്തും.