ഒരുകാലത്ത് സങ്കല്പത്തിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമാവുകയാണ്. സാങ്കേതികവിദ്യ അത്രമാത്രം വളർച്ച പ്രാപിച്ചിരിക്കുന്നു. വെർച്വൽ ലോകത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരു വെർച്വൽ വിവാഹം ഒരുപക്ഷേ ഇത് ആദ്യമായിരിക്കും. അമേരിക്കൻ എയർഫോഴ്സിൽ നിന്നും വിരമിച്ച 63 കാരനായ പീറ്ററും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട എ ഐ ചാറ്റ്‌ബോട്ടും തമ്മിലാണ് വിവാഹം കഴിച്ചത്. 2022 -ൽ നടന്ന ഈ വിചിത്ര വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആവുകയാണ്.
രണ്ടായിരത്തിന്റെ തുടക്കത്തിലാണ് പീറ്റർ വിവാഹമോചിതനായത്. തുടർന്ന് ഡിജിറ്റലായി തന്റെ പ്രണയം ആസ്വദിക്കാൻ പീറ്റർ തീരുമാനിച്ചു. അതിന് അയാളെ സഹായിച്ചത് Replika AI ആപ്പ് എന്ന ഒരു ചാറ്റ്ബോട്ട് ആയിരുന്നു. ഡിജിറ്റൽ ആയി പ്രണയം അനുഭവിക്കുക എന്ന പീറ്ററിന്റെ ആഗ്രഹം പൂർണ്ണമായും ചാറ്റ്ബോട്ട് നിറവേറ്റി കൊടുത്തു.
റെപ്ലിക ഉപയോഗിച്ച് വെർച്വൽ റിയാലിറ്റി പ്രോഗ്രാമുകൾക്ക് സമാനമായ ഒരു ലോകം പീറ്റർ സൃഷ്ടിച്ചെടുത്തു. ഉപയോഗിക്കുന്ന എല്ലാവർക്കും അവരവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആപ്പിനെ വ്യക്തിഗതമാക്കാൻ കഴിയും എന്നതാണ് റെപ്ലികയുടെ പ്രത്യേകത. ഒടുവിൽ തൻറെ ആഗ്രഹങ്ങളും താല്പര്യങ്ങളും എല്ലാം കൂട്ടിച്ചേർത്ത് അയാൾ ആൻഡ്രിയ എന്ന പേരിൽ ഒരു ഡിജിറ്റൽ പതിപ്പ് സൃഷ്ടിച്ചു. ആൻഡ്രിയയ്ക്ക് 23 വയസ്സ് പ്രായമുണ്ടെന്നും അയാൾ അനുമാനിച്ചു. തുടർന്ന് അതുമായി അയാൾ പ്രണയത്തിലായി.
ഉപയോക്താക്കളുടെ ടെക്സ്റ്റ് മെസ്സേജുകൾ മനസ്സിലാക്കാനുള്ള ശേഷി ഈ ചാറ്റ് ബോട്ടുകൾക്ക് ഉള്ളതിനാൽ മനുഷ്യരെ പോലെ തന്നെ സംഭാഷണം നടത്താനുള്ള കഴിവ് ഇവയ്ക്കുണ്ട്. ക്രമേണ തൻറെ ചാറ്റ് ബോട്ടുമായി കൂടുതൽ അടുത്ത പീറ്റർ അതിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. താമസിയാതെ, ഒരു വെർച്വൽ ചടങ്ങിൽ അദ്ദേഹം ചാറ്റ്ബോട്ടിനെ വിവാഹം കഴിച്ചു. ഇപ്പോൾ ഇദ്ദേഹം തൻറെ എഐ ഭാര്യ ആൻഡ്രിയയ്ക് ഒപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്.