ചെർപ്പുളശ്ശേരി : കച്ചേരിക്കുന്ന് മാണ്ടക്കരിയിൽ പട്ടാപ്പകൽ കല്യാണവീടിന്റെ പിൻവാതിൽ പൊളിച്ച് കവർച്ച. 19 പവൻ ആഭരണവും 20,000 രൂപയും നഷ്ടപ്പെട്ടു. മാണ്ടക്കരി ചപ്പിങ്ങൽ അൻവർ ഹുസൈന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട് പൂട്ടിക്കിടന്ന മൂന്നുമണിക്കൂറിനുള്ളിലാണ് സംഭവം. തിങ്കളാഴ്ച പകൽ 11.30-ന് അൻവർ ഹുസൈനും വീട്ടുകാരും മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വീടുപൂട്ടിപ്പോയ സമയത്തായിരുന്നു കവർച്ച. ഉച്ചയ്ക്ക് 2.30-ന് വീട്ടിലെത്തിയപ്പോഴാണ് പിൻവാതിൽ കുത്തിപ്പൊളിച്ചനിലയിൽ കാണപ്പെട്ടത്. പിൻവാതിൽ തുണിയുപയോഗിച്ച് മറച്ച നിലയിലാണുണ്ടായിരുന്നത്.
തുടർന്നുനടത്തിയ പരിശോധനയിൽ മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവർന്നതായി കണ്ടെത്തി. തുടർന്ന്, പോലീസിൽ പരാതിപ്പെട്ടു. ഓട്ടോത്തൊഴിലാളിയാണ് അൻവർഹുസൈൻ. മകളുടെയും മരുമകളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് അൻവർഹുസൈൻ പോലീസിന് മൊഴിനൽകി. പാലക്കാട്ടു നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. പരിസരത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചുവരികയാണെന്നും പരിസരവാസികളെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ശാസ്ത്രീയരീതിയിൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഇത്തരം കവർച്ചകൾ നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്നും ചെർപ്പുളശ്ശേരി പോലീസ് ഇൻസ്പെക്ടർ എം. സുജിത് അറിയിച്ചു