കൊച്ചി: പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. അതിഥി തൊഴിലാളികളുടെ തൊഴിലിടവും ജീവിത രീതിയും മനസ്സിലാക്കാനാണ് സന്ദർശനം. കേരളത്തിലെ അതിഥി തൊഴിലാളികളിൽ വലിയൊരു ശതമാനം പശ്ചിമബംഗാളിൽ നിന്നുള്ളവരാണ്. ബീഹാറിൽ നിന്നും ഒഡീഷയിൽ നിന്നും നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ജോലി സാഹചര്യവും ജീവിത സാഹചര്യവും മനസ്സിലാക്കാൻ വേണ്ടിയാണ് ഗവർണർ ഇവിടെ സന്ദർശനം നടത്തുന്നത്.
കേരളത്തിലെ പശ്ചിമബംഗാൾ തൊഴിലാളികൾക്കായി കർമ്മപദ്ധതി തയ്യാറാക്കുമെന്ന് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ രാജ് ഭവൻ പോർട്ടൽ തുടങ്ങും. പോർട്ടലിലേക്ക് തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാം. കേരളത്തിലെ ബംഗാളികളുടെ ഡാറ്റാബേസ് തയ്യാറാക്കും. ഇതിനായി ആലുവ യുസി കോളേജുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി. അതിഥി തൊഴിലാളികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.