കൊച്ചി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹരിതനയം നടപ്പിലാക്കാൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് വാഹനപ്രേമികളുടെ ആകാംക്ഷ. നിലവിൽ പുതിയതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന സബ്സിഡിയുടെ കാലാവധി നീട്ടുമോ എന്നാണ് ആദ്യം അറിയേണ്ടത്. സ്വകാര്യ വാഹനങ്ങൾക്കൊപ്പം പൊതുഗതാഗത രംഗത്തും,ബാറ്ററി നിർമ്മാണ മേഖലയിലും പുതിയ നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്‍റെ എന്ത് പിന്തുണ ഉണ്ടാകുമെന്നതും പ്രാധാനമാണ്.
വ്യത്യസ്ത മോഡൽ ഇലക്ട്രിക് ബൈക്കുകൾ,ഇലക്ട്രിക് കാറുകൾ. രാജ്യത്തെ റോഡുകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ഇ വാഹനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത് 300 ശതമാനം വളർച്ചയാണ്. മത്സരിച്ചാണ് ഓട്ടോമൊബൈൽ കമ്പനികൾ ഇ-വാഹനങ്ങൾ നിരത്തിലിറക്കുന്നത്. ഇ- വാഹനങ്ങൾക്ക് പ്രിയമേറാൻ നിലവിൽ കേന്ദ്രം ലഭ്യമാക്കുന്ന സബ്സിഡിയും ഒരു പ്രധാന കാരണമാണ്. കേന്ദ്ര സ്കീമുകൾ പ്രകാരം 2015 മുതൽ ലഭ്യമാക്കുന്ന സബ്സിഡി വഴി ബൈക്കുകൾക്ക് 50,000രൂപ വരെയും, കാറുകൾക്ക് 4 ലക്ഷം രൂപ വരെയും വിലയിൽ ഇളവ് പരോക്ഷമായി കിട്ടുന്നുണ്ട്. ഈ സ്കീം അടുത്തവർഷത്തോടെ അവസാനിപ്പിക്കുമെന്നാണ് നിലവിലെ പ്രഖ്യാപനം.രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ്ണ ബജറ്റ് ഈ കാലാവധി നീട്ടുമോ എന്നാണ് അറിയാനുള്ളത്.
ഇലക്ട്രിക് വാഹനത്തിനായി വായ്പയെടുക്കുന്നവർക്ക് നിലവിൽ ആദായനികുതി ഇളവുകളുണ്ട്. എന്നാൽ ഇതിനൊപ്പം ഇ വാഹനങ്ങളുടെ എണ്ണം കൂടുന്പോൾ ചാർജ്ജിംഗ് സ്റ്റേഷനുകളും,ബാറ്ററി നിർമ്മാണവും ഒപ്പം മുന്നേറണം.പൊതുഗതാഗത രംഗത്തും ഇലക്ട്രിക് വാഹനങ്ങൾ ചുവടുറപ്പിക്കണമെങ്കിൽ ഇ ബസ് നിർമ്മാണ കന്പനികൾക്കും പ്രോത്സാഹനനടപടികൾ വേണം. ഫീഡർ സർവ്വീസുകൾ ഉൾനാടൻ പ്രദേശങ്ങളിലും ഇലക്ട്രിക്കായാൽ സാധാരണക്കാരനും ഇ വിപ്ലവത്തിന്‍റെ ഭാഗമാകാം.
റോഡ് വികസനം ഒരുക്കുന്നതിന് അടക്കം വലിയ നികുതിവരുമാന ശ്രോതസ്സായ പെട്രോൾ ഡീസൽ വില്പനയുടെ വഴിയടച്ച് സർക്കാർ പൂർണ്ണമായി ഇലക്ട്രിക് വാഹനങ്ങൾക്കായി പാതയൊരുക്കാൻ സാധ്യതയില്ല. മാറുന്ന ലോകത്തിൽ പരിസ്ഥിതിയെ കൂടി പരിഗണിക്കാതെ മുന്നോട്ട് പോക്ക് സാധ്യമല്ലെന്ന യാഥാർത്ഥ്യം നിർമ്മല സിതാരാമന്‍ മറക്കില്ലെന്നാണ് വിപണിയും ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നത്.