വാട്ട്സാപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള പുതി പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. ഉടനെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ.ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ വൈകാതെ വാട്ട്സാപ്പ് നൽകുമെന്നാണ് സൂചന. ഫീച്ചർ ഓണായിരിക്കുന്ന സമയത്ത് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നായിരിക്കും കാണിക്കുക. ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല.
കഴിഞ്ഞ ദിവസം വാട്ട്സാപ്പ് അവതരിപ്പിച്ച ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷനുകൾ ചർച്ചയായിരുന്നു. ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകൾക്ക് പിന്നാലെയായിരുന്നു ഈ അപ്ഡേഷൻ. ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകൾ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ വാട്ട്സ് ആപ്പ് ചാനലിലൂടെയാണ് ഈ ഫീച്ചറുകൾ പരിചയപ്പെടുത്തിയത്.
ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മെസെജുകൾ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയക്കാനാകും. സിമ്പിൾ ഷോട്ട് കട്ടുകൾ ഉപയോഗിച്ച് ചെയ്യാനാവുന്നതാണ് പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷൻ. ഇതിൽ ബുള്ളറ്റഡ് ലിസ്റ്റ് ഉപയോഗിച്ച് സന്ദേശങ്ങൾ പട്ടികയായി ചിട്ടപ്പെടുത്തി അയക്കാൻ സഹായിക്കുന്ന ഫീച്ചറാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുള്ളറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെസെജിന് മുമ്പായി കീബോർഡിലുള്ള ‘-‘ ചിഹ്നം ഉപയോഗിച്ച് ഡെസ്ക്‌ടോപ്പിൽ Shift+Enter കൊടുക്കണം. ‘-‘ ചിഹ്നത്തിനും ടെക്‌സ്‌റ്റിനും ഇടയിൽ ഒരു സ്‌പെയ്‌സ് നൽകണം. അത് അടുത്ത ബുള്ളറ്റ് പോയിൻ്റ് സ്വയം ക്രിയേറ്റ് ചെയ്യുമെന്നതായിരുന്നു മെച്ചം.