ന്യൂഡൽഹി: യു.എസിലെ ഗ്രീൻ കാർഡ് ലഭിക്കാൻ ഇന്ത്യ, ചൈന, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് നീണ്ട കാത്തിരിപ്പ് വേണ്ടി വരുന്നതിന് പ്രധാന കാരണം രാജ്യം അടിസ്ഥാനമാക്കിയുള്ള ക്വാട്ട സമ്പ്രദായമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് കോൺഗ്രസിന് മാത്രമേ ഓരോ രാജ്യങ്ങളിലെയും ക്വാട്ടയിലെ വിഹിതം മാറ്റാൻ സാധിക്കൂവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
യു.എസിൽ കുടിയേറുന്നവർക്ക് സ്ഥിരതാമസത്തിന് ഔദ്യോഗികമായി നൽകുന്ന കാർഡാണ് ഗ്രീൻ കാർഡ്. ഓരോ വർഷവും ഏകദേശം 1,40,000 തൊഴിൽ അധിഷ്‌ഠിത ഗ്രീൻ കാർഡുകൾ നൽകാൻ യു.എസ് ഇമിഗ്രേഷൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
‘കുടുംബം സ്പോൺസർ ചെയ്യുന്ന പ്രിഫറൻസ് ഗ്രീൻ കാർഡുകൾക്ക് യു.എസ് കോൺഗ്രസ് ആണ് വാർഷിക പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) ഡയറക്ടറുടെ മുതിർന്ന ഉപദേഷ്ടാവ് ഡഗ്ലസ് റാൻഡ് പറഞ്ഞു. ലോകമെമ്പാടും ഇത് 2,26,000 ആണെന്നും തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകളുടെ വാർഷിക പരിധി 1,40,000 ആണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഓരോ രാജ്യത്തിനും ഒരു പരിധിയുണ്ട്.
25,620 ആണ് പരിധി. അതുകൊണ്ടാണ് ഇന്ത്യ, ചൈന, മെക്സിക്കോ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ അപേക്ഷിച്ച് ഇത്രയും നീണ്ട കാത്തിരിപ്പ് നേരിടുന്നത്’ ഡഗ്ലസ് റാൻഡ് പറഞ്ഞു.
ഗ്രീൻ കാർഡുകൾക്ക് ഓരോ വർഷവും 25,620-ലധികംആവശ്യക്കാരുണ്ട്. അതിനാൽ ഈ പരിമിതികൾക്കുള്ളിൽ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.