അഗർത്തല(ത്രിപുര): നിയമസഭയിൽ ബജറ്റ് ചർച്ചക്കിടെ അശ്ലീല ചിത്രം കണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി എംഎൽഎ. അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ് വിശദീകരിച്ചു വിശദീകരിച്ചു. എംഎൽഎക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം. സംഭവത്തിൽ ബിജെപിയും വെട്ടിലായിരിക്കുകയാണ്. എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കർ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് തിപ്ര മോത പാർട്ടിയും ആവശ്യപ്പെട്ടു. ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എംഎല്‍എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ജാദവ് ലാൽ.
സ്പീക്കറും മറ്റ് എംഎല്‍എമാരും സഭയില്‍ സംസാരിക്കുന്നതിനിടെയാണ് എംഎൽഎ പോൺ വീഡിയോ കണ്ടത്. ജാദവ് ലാല്‍ പോണ്‍ സൈറ്റില്‍ കയറി സ്‌ക്രോള്‍ ചെയ്യുന്നതും വീഡിയോ പ്ലേ ചെയ്യുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. എംഎല്‍എയുടെ പിന്നിലിരുന്ന വ്യക്തിയാണ് ദൃശ്യം പകര്‍ത്തിയത്. ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ ജാദവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഇത് ആദ്യമായിട്ടല്ല, ബിജെപി ജനപ്രതിനിധികള്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട് വിവാദത്തില്‍പ്പെടുന്നത്. 2012ല്‍ കര്‍ണാടകയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ സഭയില്‍ ഇരുന്ന് മൊബൈലില്‍ പോണ്‍ കണ്ട സംഭവം ഏറെ വിവാദമായിരുന്നു.