കുട്ടികളായിരിക്കുമ്പോൾ നമ്മളെല്ലാവരും സുഹൃത്തുക്കളുടെ കൂടെയോ കസിൻസിന്റെ കൂടെയോ ഒക്കെ ഒളിച്ചു കളി കളിച്ചിട്ടുണ്ടാവും. അതേ സമയം തന്നെ അധികം ദൂരെ ഒന്നും പോവരുത്, സുരക്ഷിതമായി ഇരിക്കണം എന്നൊക്കെ ബന്ധുക്കൾ നമ്മെ ഉപദേശിച്ചും കാണും. നമ്മുടെ സുരക്ഷയെ ഓർത്തായിരിക്കും മുതിർന്നവർ മിക്കവാറും ഇത്തരം ഉപദേശങ്ങളും നിർദ്ദേശങ്ങളും തന്നിട്ടുണ്ടാവുക അല്ലേ?
ഏതായാലും, അടുത്തിടെ അതുപോലെ ഒളിച്ചു കളി കളിച്ച ഒരു കുട്ടിയുടെ ജീവിതത്തിൽ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്. കുട്ടി നേരെ എത്തിയത് മറ്റൊരു രാജ്യത്താണ്. ബംഗ്ലാദേശിൽ നിന്നുള്ള ഒരു പതിനഞ്ചുകാരനാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. അവൻ ഒളിച്ചു കളി കളിക്കുന്നതിനിടെ ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാൻ കഴിഞ്ഞത്.
ജനുവരി 11 -ന് ചിറ്റഗോംഗിൽ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവൻ ഒരു കണ്ടെയ്‍നറിൽ കയറിയത്. എന്നാൽ, ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൻ അതിനകത്ത് ഉറങ്ങിപ്പോയി. ആ കണ്ടെയ്‍നറാവട്ടെ മലേഷ്യയിലേക്കുള്ള കൊമേഷ്യൽ ഷിപ്പിൽ ആയിരുന്നു. ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിർജ്ജലീകരണം സംഭവിച്ച, വിശന്നു തളർന്ന ഫാഹിമിനെ കണ്ടെത്തുന്നത്.
ഇതിന്റെ ഒരു വീഡിയോ റെഡ്ഡിറ്റിൽ പ്രചരിച്ചു. അതിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കാണാം. അവന്റെ ആരോഗ്യം അപ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു. അവന്റെ വീട്ടിൽ നിന്നും 2300 മൈലുകൾ അകലെയായിരുന്നു അവൻ. അതുപോലെ അധികൃതർ കണ്ടെത്തുമ്പോൾ അവന് പനിയും ഉണ്ടായിരുന്നു.
കുട്ടി സ്വയം കണ്ടെയ്‍നറിനകത്ത് കയറിയതാണ്. പിന്നീട് ഉറങ്ങിപ്പോയി. പിന്നീട്, അതിനകത്ത് കണ്ടെത്തുകയായിരുന്നു എന്ന് മലേഷ്യൻ ആഭ്യന്തര മന്ത്രി പറഞ്ഞു. ആദ്യം കരുതിയിരുന്നത് ഇതൊരു മനുഷ്യക്കടത്താണ് എന്നാണ് എങ്കിലും പിന്നീട് സംശയം ദുരീകരിക്കപ്പെട്ടു.