ജയ്പൂർ: കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 13ഉം 14ഉം വയസ്സുള്ള ദേവാറാം ഭീൽ, ലക്സ്മൺ ഭീൽ എന്നീ രണ്ട് കുട്ടികൾ മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കന്നുകാലികളെ മേയ്ക്കാനായി ഇന്നലെ രാവിലെയാണ് കുട്ടികൾ വീടിന് പുറത്തേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചു വന്നില്ല. കുളത്തിന് മുകളിൽ ഇരുവരുടേയും ചെരിപ്പുകൾ കണ്ടെത്തിയിരുന്നു. ഇത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
കന്നുകാലികളെ മേയ്ക്കുന്നതിനിടെ വെള്ളം കുടിക്കാനായി കുളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുളത്തിലെ വെള്ളം വറ്റിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
ദിവസങ്ങള്‍ക്കു മുമ്പ് നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്‍റെ മകൻ നവദേവ് ആണ് മരിച്ചത്. പറപ്പൂർ സെന്‍റ് ജോൺസ് ഹയർ സെക്കന്‍ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവദേവ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പോന്നോരിലെ നീന്തൽ കുളത്തിൽ നവദേവ് പരിശീലനത്തിലെത്തിയതായിരുന്നു.
വർഷങ്ങളായി ഹീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്ന നവദേവ് രണ്ടാഴ്ച കൂടുമ്പോൾ ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഇഞ്ചക്ഷൻ എടുത്ത നവദേവിനോട് വീട്ടിൽ വിശ്രമിക്കുവാൻ അമ്മ പറഞ്ഞത് കേൾക്കാതെ നീന്താൻ പോവുകയായിരുന്നു. ട്യൂബിൽ കുളത്തിലിറങ്ങി പരിശീലനത്തിനിടെ പെട്ടന്ന് നവദേവിനെ കാണാതാവുകയായിരുന്നു.
തുടർന്ന് സഹോദരൻ മറ്റുള്ളവരെ വിവരമറിയിച്ചു. ഓടിയെത്തിയവര്‍ വെള്ളത്തിൽ മുങ്ങിപ്പോയ നവദേവിനെ എടുത്ത് ആദ്യം തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പേരാമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇഞ്ചക്ഷൻ എടുത്ത ദിവസങ്ങളിൽ തളർച്ച നവദേവിന് അനുഭവപ്പെടാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.