പോഷകങ്ങളുടെ കലവറയായ തൈര് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ഉദരത്തിലെ ആസിഡിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന സൂക്ഷ്മജീവികള്‍ തൈരിലുണ്ട്. ഇത് ദഹനക്കേടിനുള്ള പ്രതിവിധി കൂടിയാണ്. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും തൈര് സഹായിക്കും. ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറേറ്റിന്റെ അളവ് വർധിപ്പിക്കാനും ഇറിറ്റബിൾ ബവൽ സിൻഡ്രോമിനു കാരണമാകുന്ന ബിലോഫില വാസ്ഡ്‌വർത്തിയ എന്ന ബാക്ടീരിയയുടെ അളവ് കുറയ്ക്കാനും തൈര് സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും തൈര് പ്രധാന പങ്കു വഹിക്കുന്നു. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ തൈര് എല്ലുകളെ ശക്തിപ്പെടുത്തുന്നു.
തൈരിന്റെ പതിവായ ഉപയോഗം എല്ലുകൾക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയും സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഹൃദയാരോഗ്യമേകാനും തൈര് സഹായിക്കും. കൊഴുപ്പ് അടങ്ങിയതാണെങ്കിലും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദവും ഹൈപ്പർ ടെൻഷനും കുറയ്ക്കാനും തൈര് സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ തൈര് സഹായിക്കും. പ്രോട്ടീൻ ധാരാളമടങ്ങിയ തൈര്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനും ബോഡിമാസ് ഇൻഡക്സ് കുറയ്ക്കാനും തൈര് സഹായിക്കും. അമിതഭാരവും പൊണ്ണത്തടിയും കുറയ്ക്കാനും തൈര് പതിവായി ഉപയോഗിക്കുന്നതിലൂടെ കഴിയും. കൊഴുപ്പില്ലാത്ത, മധുരമില്ലാത്ത തൈര് ദിവസവും മൂന്നു തവണ കഴിക്കാമെന്നും എന്നാൽ അമിതമായി തൈര് കഴിക്കുന്നത് പൊണ്ണത്തടിക്കും മലബന്ധത്തിനും കാരണമാകാമെന്നും വിദഗ്ധർ പറയുന്നു.