തിരുവനന്തപുരം: ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21- 23 തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം ആരംഭിക്കണം. ബ്രഹ്‌മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി മാറ്റാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ബ്രഹ്മപുരം തീപിടുത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയിൽ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകൾ തേടിയെന്നും എന്നാൽ പ്രായോഗികമല്ലാത്തതിനാൽ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും.