ന്യൂഡൽഹി: കേരള, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ അധികം വൈകാതെ ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി. ഇതിൽ ചില സംസ്ഥാനങ്ങളിൽ ഭരണത്തിനായി പരിശ്രമിക്കേണ്ടിവരുമെന്നും ഹൈദരാബാദിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ വിലയിരുത്തലുണ്ടായി.
അടുത്ത 30,40 വർഷം ബി.ജെ.പി തന്നെ ഇന്ത്യ ഭരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹൈദരാബാദിലെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇന്ത്യ ലോകത്തിന്റെ വഴികാട്ടിയായി മാറും. തെലങ്കാന, പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ കുടുംബ വാഴ് അവസാനിപ്പിക്കും. കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയ വിധി ചരിത്രപരമാണ്. പരമശിവൻ വിഷം കുടിച്ചിറക്കിയതുപോലെ കലാപത്തിൽ പങ്കുണ്ടെന്ന അന്വേഷണം മോദി സഹനത്തോടെ നേരിട്ടെന്നും അദ്ദേഹം ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം മുറുകെ പിടിച്ചതായും അമിത് ഷാ ചുണ്ടിക്കാട്ടി.