മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് വീണ്ടും വധഭീഷണി വന്നതായി മുംബൈ പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയോടെ മുംബൈ പോലീസിന്റെ കണ്ട്രോള് റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം എത്തിയത്. ഏപ്രില്‍ 30 ന് സല്മാന് ഖാനെ വധിക്കും എന്നാണ് ഇത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.
അതേസമയം ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്യും സല്മാന് ഖാനെതിരെ അടുത്തിടെ വധഭീഷണി മുഴക്കിയിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെ ആയിരുന്നു ഇത്. പിന്നാലെ ലോറന്‍സ് ബിഷ്ണോയ്യുടെ സംഘത്തിന്റെ പേരില്‍ വധഭീഷണിയടങ്ങിയ ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. സല്മാന് ഖാന് ഭീഷണി ഉണ്ടായ സാഹചര്യത്തില്‍ മുംബൈ പോലീസ് Y+ കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.