മുംബൈ: പ്രണയദിനമായ ഫെബ്രുവരി 14ന് കൗ ഹഗ് ഡേ (പശു ആലിംഗന ദിനം) ആയി ആചരിക്കണമെന്ന മൃഗസംരക്ഷ ബോർഡിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ്. കേന്ദ്രമന്ത്രി കിരൺ റിജിജു പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോയെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും കൗ ഹഗ് ഡേ പ്രായോഗികമാണോയെന്നും അതോ സില്ലി സൗളിൽ അന്ന് പ്രത്യേക ആഘോഷം നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽനിന്നുള്ള കേന്ദ്രമന്ത്രിയാണ് കിരൺ റിജിജു. ഫെബ്രുവരി 14ന് പശു ആലിംഗന ദിനമായി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പരിഹാസം. നേരത്തെ 2015ൽ ബീഫിനെക്കുറിച്ചുള്ള കിരൺ റിജിജുവിന്റെ പരാമർശം വിവാദമായിരുന്നു. താൻ അരുണാചൽ പ്രദേശിൽ നിന്നുള്ളയാളാണെന്നും ബീഫ് കഴിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും തന്നെ തടയാനാകുമോ എന്നുമദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന നിർദേശം വന്നതിന് പിന്നാലെ റിജിജുവിന്റെ പഴയ പരാമർശം സോഷ്യൽമീഡിയയിൽ ചർച്ചയായി.
പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും ഉത്തർപ്രദേശ് മന്ത്രി പറഞ്ഞിരുന്നു. വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസമാണ് ആഹ്വാനം ചെയ്തത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പറയുന്നത്.
ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം നിമിത്തം വേദിക് സംസ്കാരം അന്യം നിന്ന് പോകുന്ന നിലയിലാണ്.