ന്യൂഡൽഹി: തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ ഗുസ്തി താരങ്ങൾ പങ്കെടുക്കുകയുള്ളൂവെന്ന് സാക്ഷി മാലിക്. ‘ഈ പ്രശ്നങ്ങളെല്ലാം അവസാനിച്ചാൽ മാത്രമേ ഞങ്ങൾ ഏഷയൻ ഗെയിംസിൽ പങ്കെടുക്കുകയുള്ളു. ഓരോ ദിവസവും മാനസികമായി ഞങ്ങൾ കടന്നുപോകുന്ന അവസ്ഥ എന്താണെന്ന് നിങ്ങൾക്കറിയില്ല. -സാക്ഷി മാലിക് സോനിപതിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ 15ന് ഉള്ളിൽ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ജൂൺ 16ന് വീണ്ടും സമരവുമായി തെരുവിലേക്ക് എത്തുമെന്ന് ബജ്രംഗ് പൂനിയയും വ്യക്തമാക്കി. അതേ സമയം ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്നതിൽ ഡൽഹി പൊലീസിന് എതിരെ കായിക താരങ്ങൾ രംഗത്ത് വന്നിരുന്നു.
പീഡന പരാതി നൽകിയ വനിതാ താരങ്ങളെ വനിതാ പൊലീസിന്റെ സഹായത്തോടെ ബ്രിജ് ഭൂഷന്റെ ഡൽഹിയിലെ ഓഫീസിലെത്തിക്കുകയും അവിടെ വെച്ച് പീഡനം നടന്ന സാഹചര്യങ്ങൾ പുനഃസൃഷ്ടിക്കുകയും ചെയ്തിരുന്നു. അര മണിക്കൂർ അവിടെ തങ്ങി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ഡൽഹി അശോക റോഡിലെ ഗുസ്തി ഫെഡറേഷന് ആസ്ഥാനത്ത് പരാതിക്കാരിയായ ഗുസ്തി താരവുമായി പൊലീസ് തെളിവെടുപ്പിന് എത്തിയത്.
2019ൽ ഇവിടെ വെച്ച് ബ്രിജ്ഭൂഷൻ ലൈംഗികാതിക്രമത്തിന് മുതിർന്നെന്നാണ് താരം നൽകിയ പരാതി. തെളിവെടുപ്പ് സമയത്ത് ബ്രിജ്ഭൂഷൻ സ്ഥലത്ത് ഇല്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ ഓഫീസിനു സമീപത്തുള്ള ഔദ്യോഗിക വസതിയിൽ ബ്രിജ്ഭൂഷൻ ഉണ്ടായിരുന്നു എന്ന് താരം ആരോപിച്ചു. ഇത് തെളിവെടുപ്പിനെ ബാധിക്കുന്ന തരത്തിൽ തനിക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നും പരാതിക്കാരി വെളിപ്പെടുത്തി.