ചെന്നൈ ∙ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും സ്റ്റാലിന്‍ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ട. ആരെങ്കിലും ഭീഷണിയുയര്‍ത്തിയാല്‍ ഹെല്‍പ് ലൈനിലേക്ക് വിളിക്കണം. തമിഴ്നാട് സര്‍ക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളായി കണ്ട് സഹായിക്കും– സ്റ്റാലിന്‍ പറഞ്ഞു. ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ അക്രമമുണ്ടായതായി തെറ്റായ വാര്‍ത്തകള്‍ പരത്തരുതെന്ന് ഇതിനോടകംതന്നെ ബിഹാര്‍ സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇരു സര്‍ക്കാരുകളും വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് നിരന്തരം നിരീക്ഷണം നടത്തി വരികയാണ്. വാട്സാപ്പില്‍ ഉള്‍പ്പെടെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനെ അടക്കം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വെല്ലുവിളിച്ചു.