തനിക്ക് വരന്റെ ഭാഗത്ത് നിന്നും കിട്ടിയ തുക കുറഞ്ഞു പോയെന്ന് ആരോപിച്ച് അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറി വധു. വരന്റെ വീട്ടുകാർ വിവാഹധനമായി നൽകിയ രണ്ട് ലക്ഷം രൂപ കുറഞ്ഞുപോയി എന്ന കാരണത്താലാണ് വധു അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഹൈദരാബാദിലാണ് സംഭവം. പെൺകുട്ടി ഉൾപ്പെടുന്ന ഗോത്രസമൂഹത്തിൽ സാധാരണ സ്ത്രീധന സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വരന്റെ വീട്ടുകാർ വധുവിനാണ് പണം നൽകേണ്ടത്. ഇതു പ്രകാരമാണ് വരന്റെ വീട്ടുകാർ വിവാഹത്തിന് മുൻപ് തന്നെ 2 ലക്ഷം രൂപ നൽകിയത്. എന്നാൽ, അതിലും കൂടുതൽ തുക താൻ അർഹിക്കുന്നുണ്ട് എന്നായിരുന്നു വധുവിന്റെ വാദം.
വ്യാഴാഴ്ച ഘട്‌കേസറിൽ വെച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, വിവാഹ മുഹൂർത്തതിന് സമയമായിട്ടും വധു വിവാഹ മണ്ഡപത്തിലേക്ക് എത്താൻ തയ്യാറാകാതിരുന്നതോടെയാണ് വരനും കൂട്ടരും കാര്യമറിയുന്നത്. വധുവിനെ അനുനയിപ്പിക്കാൻ പലരും ശ്രമം നടത്തിയെങ്കിലും കൂടുതൽ പണം വേണമെന്ന ആവശ്യത്തിൽ യുവതി ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ വരന്റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കാര്യമുണ്ടായില്ല.
ഒത്തുതീർപ്പ് ചർച്ചയ്ക്കായി പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടി വിവാഹത്തിന് സമ്മതമല്ല എന്ന് പറഞ്ഞതോടെ വിവാഹ നടത്തിപ്പുകൾ നിർത്തിവെക്കാൻ പൊലീസ് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ വിവാഹധനമായി വാങ്ങിയ 2 ലക്ഷം രൂപ വരനും കൂട്ടർക്കും തിരികെ നൽകാനും പൊലീസ് വധുവിന്റെ വീട്ടുകാർക്ക് നിർദ്ദേശം നൽകി. പണം തിരികെ നൽകാൻ വധുവിന്റെ വീട്ടുകാർ സമ്മതിച്ചതോടെ പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചു. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് സമ്മതമല്ലാതിരുന്നതിനാലാണ് പെൺകുട്ടി വിവാഹധന തുക കുറഞ്ഞുപോയി എന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് ഒഴിയാൻ ശ്രമം നടത്തിയത് എന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.