വാഷിങ്ടൺ: യു.എസിലെ അപാർട്മെന്റിൽ നിന്ന് മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. ടേപ്പ് ചെയ്ത ഫ്രീസറിൽ നിന്നാണ് പുരുഷന്റെ തലയും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ബ്രൂക്ലിനിലെ ഹെതർ സ്റ്റൈൻസ് (45) എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അപാർട്മെന്റിൽ നിന്ന് മനുഷ്യ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്.
വീട്ടിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ന്യൂയോർക് പൊലീസിന്റെ പരിശോധന. സംശയിച്ചതു പോലെ ഫ്രീസറിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ദുർഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാനാണ് റഫ്രിജറേറ്റർ ടേപ്പ് ചെയ്ത് അടച്ചുവെച്ചത്. മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി.മയക്കു മരുന്ന് ഉപയോഗത്തിൽ നിന്ന് രക്ഷതേടാനുള്ള ചികിത്സയിലാണ് ഹെതർ എന്ന് അവരുടെ ബന്ധു പറഞ്ഞു. ഭർത്താവിനൊപ്പമായിരുന്നു അവർ അപാർട്മെന്റിൽ താമസിച്ചിരുന്നത്. അവരുടെ ഭർത്താവ് നിക്കോളാസ് മക്ഗീ കഴിഞ്ഞ സെപ്റ്റംബർ മുതൽ ജയിലിലാണ്. മയക്കു മരുന്ന് ഉപയോഗത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ പെൺമക്കളിലൊരാളും അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു.