കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. സമീപത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സ്ത്രീകൾ. റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ച മറിയയുടെ സഹോദരി വാവാട് കണ്ണിപ്പുറായിൽ സുഹറ, കുളങ്ങരകണ്ടിയിൽ മറിയം, പുൽക്കുഴിയിൽ ആമിന, കുളങ്ങരകണ്ടിയിൽ സുഹറയുടെ മകന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ച മറിയയുടെ സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം വാവാട് ജുമാ മസ്ജിദിൽ നടക്കും.












