ദില്ലി: കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ജനത്തിരക്കേറിയ റോഡിലാണ് കൊലപാതകം നടന്നത്. അക്രമികൾ തോക്ക് സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഡിഗ്രി വിദ്യാർത്ഥിനിയായ റോഷ്‌നി അഹിർവാർ (21) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബജാജ് പൾസർ മോട്ടോർസൈക്കിളിൽ രണ്ട് പേർ നാടൻ തോക്കുമായി യുവതിയെ സമീപിക്കുകയായിരുന്നു. ഇവരിൽ ഒരാൾ റോഷ്യനിയുടെ തലയ്ക്ക് നേരെ വെടിയുതിർത്തു. റോഷ്‌നി സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ ഓടിക്കൂടി അക്രമികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും തോക്ക് വലിച്ചെറിഞ്ഞ് അവർ ഓടി രക്ഷപ്പെടുകയായിരുന്നു.
രാജ് അഹിർവാർ എന്ന വ്യക്തിക്കെതിരെ യുവചിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതി കോളേജ് യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. അക്രമികൾ ഉപയോഗിച്ച തോക്കും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനം ഉയരുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതിൽ ഭരണകൂടം പരാജയമാണെന്നാണ് വിമർശനം ഉയരുന്നത്. മുൻ എംപിയും കൊലക്കേസ് പ്രതിയുമായ അതിഖ് മുഹമ്മദ് പൊലീസുകാർക്കൊപ്പം പോകുമ്പോൾ കൊല്ലപ്പെട്ടത് ദിവസങ്ങൾക്കു മുമ്പാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിക്കും പൊലീസിനും നേരെ എതിർപ്പുയരുന്നത്. യുവതി കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അക്രമികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.