മുംബൈ: ബ്യൂട്ടി സലൂണിൽ നിന്ന് ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളി. മുംബൈയിലെ സലൂണിൽ നിന്നും 17,500 രൂപ മുടക്കി ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. അന്ധേരിയിലെ ഗ്ലോ ലക്സ് സലൂണിൽ നിന്നും ഹൈഡ്ര ഫേഷ്യൽ ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്.
ജൂൺ 17നാണ് യുവതി സലൂണിലെത്തി ഫേഷ്യൽ ചെയ്തത്. ഇതിന് ശേഷം ഇവർക്ക് മുഖത്ത് നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ത്വക്ക് രോഗങ്ങൾക്ക് ചികിത്സിക്കുന്ന ഡോക്ടറെ കണ്ടപ്പോഴാണ് ഇവരുടെ മുഖത്ത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത രീതിയിലുള്ള പൊള്ളലേറ്റുവെന്ന് മനസിലായത്.
തുടർന്ന് സലൂണിനെതിരെ യുവതി മഹാരാഷ്ട്ര നവനിർമാൺ സേന കൗൺസിലറുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സലൂണിനെതിരെ കേസെടുക്കുകയും ചെയ്തു. കേസ് സംബന്ധിച്ച വിവരങ്ങൾ എം.എൻ.എസ് നേതാവ് ആദ്യം പങ്കുവെച്ചുവെങ്കിലും പിന്നീട് ഡിലീറ്റാക്കി. മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവരോ അല്ലെങ്കിൽ പ്രത്യേക പരിശീലനം ലഭിച്ചവരോ ആണ് ഹൈഡ്ര ഫേഷ്യൽ ചെയ്യേണ്ടത്. മുംബൈയിലെ സംഭവത്തോടെ ബ്യൂട്ടി സലൂണുകളിൽ നൽകുന്ന ഫേഷ്യലുകളുടെ ഗുണനിലവാരം സംബന്ധിച്ചും ആശങ്ക ഉയരുകയാണ്.