ന്യൂഡൽഹി : ഗർഭസ്ഥശിശുവിന് കുഴപ്പങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. കുഞ്ഞിന് വിവിധ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ 28 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ 33-കാരിക്ക് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. പ്രത്യുൽപാദന പരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഗർഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ട സ്ഥിതിക്ക് അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള അമ്മയുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ജ്യോതി സിങ് പറഞ്ഞു.
ഗർഭച്ഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗർഭം മാത്രമേ അലസിപ്പിക്കാൻ അനുമതി നൽകാവൂ. ഈ സമയപരിധി അവസാനിച്ചതിനാലാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപവൽകരിക്കാൻ എയിംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ ആദ്യകാലങ്ങളിൽ വർഷത്തിൽ രണ്ടോ മൂന്നോ ഹൃദയശസ്ത്രക്രിയയും പിന്നീട് വർഷത്തിൽ ഓരോ ശസ്ത്രക്രിയയും വേണ്ടിവന്നേക്കുമെന്നാണ് ബോർഡ് പറഞ്ഞത്. അപൂർവമായ ഹൃദ്രോഗമുള്ള കുഞ്ഞാണെന്നും കണ്ടെത്തി. ഇക്കാരണത്താൽ വലിയ മാനസിക സമ്മർദമാണ് അമ്മ അനുഭവിക്കുന്നതെന്നും ബോർഡ് അഭിപ്രായപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ തീരുമാനം.