പത്തനംതിട്ട: ശബരിമലയിൽ ഡോളിയിൽ നിന്നും വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്കേറ്റു. കർണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52 വയസ്സ്) ആണ് പരിക്കേറ്റത്. സന്നിധാനത്തേക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാൽ വഴുതി വീണത്. മഞ്ജുളയെ ആംബുലൻസിൽ പമ്പയിൽ എത്തിച്ചു തുടര്‍ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡോളിയിൽ നിന്നും നിലത്ത് വീണ മഞ്ജുളയുടെ തലയ്ക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് മഞ്ജുളയെ തോളേറ്റിയ നാല് ഡോളിയെടുപ്പുകാരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും നാല് പേര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. സുബ്രമണ്യൻ, പ്രശാന്ത്, രവി , കാളി ശരശൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.












