ഐക്യരാഷ്ട്ര സംഘടനയ്ക്ക് അഫ്ഗാനിലെ സ്ത്രീകളുടെ വികാരധീനമായ നിവേദനം. രാജ്യത്ത് താലിബാൻ ഭരണത്തിലേറിയ ശേഷം കടുത്ത ലിംഗവിവേചനം നേരിടേണ്ടി വരുന്നു എന്നും അതിൽ ഇടപെടണം എന്നുമാണ് സ്ത്രീകളുടെ നിവേദനം. ‘ഇന്ന് അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശം എന്നൊന്ന് നിലനിൽക്കുന്നേയില്ല’ എന്നാണ് അഫ്ഗാൻ മാധ്യമപ്രവർത്തകയായ മഹബൂബ സെറാജ് ജനീവയിൽ യുണൈറ്റഡ് നാഷൻസ് ഹ്യുമൻ റൈറ്റ്സ് കൗൺസിലിനോട് പറഞ്ഞത്. ‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം ഹനിക്കപ്പെടുകയാണ്. പലതവണ താനത് പറഞ്ഞ് കഴിഞ്ഞു. തങ്ങളാകെ തളർന്നുപോയി, ആരും ഒരു നടപടിയും കൈക്കൊള്ളുന്നില്ല’ എന്നും പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും ആയ മെഹബൂബ പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്തിൽ താലിബാൻ അധികാരത്തിൽ വന്ന ശേഷം സ്ത്രീകളുടെയും കുട്ടികളുടേയും മേൽ കടുത്ത നിയന്ത്രണങ്ങളാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പതിയെ പതിയെ സ്ത്രീകൾക്ക് വീടിന് പുറത്ത് ഒരു ജീവിതം ഇല്ലാതായി മാറിയിരിക്കുകയാണ്. മിക്കവാറും പ്രവിശ്യകളിൽ പെൺകുട്ടികൾക്കുള്ള സെക്കൻഡറി സ്കൂളുകൾ അടച്ച് പൂട്ടിക്കഴിഞ്ഞു. സർക്കാർ ജോലികളിൽ നിന്നും സ്ത്രീകളെ ഒഴിവാക്കി. അതുപോലെ പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ ആകെ മൂടുന്ന വസ്ത്രം തന്നെ ധരിക്കണം എന്നും നിർദ്ദേശമുണ്ട്.
‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ, ഇപ്പോൾ സ്ത്രീവിരുദ്ധരും, സ്ത്രീകളെ മനുഷ്യരായി അംഗീകരിക്കാത്തവരുമായ ഒരു സംഘത്തിന്റെ കീഴിലാണുള്ളത്’ എന്ന് അഫ്ഗാൻ അഭിഭാഷകയും അഫ്ഗാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനിലെ മുൻ കമ്മീഷണറുമായ റസിയ സയാദ് മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞു.അഫ്ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന സംവാദത്തിൽ മഹബൂബ പറഞ്ഞത് ‘അഫ്ഗാനിലെ സ്ത്രീകളെന്ന നിലയിൽ തങ്ങൾ അവിടെ നിലനിൽക്കുന്നത് പോലുമില്ല, തങ്ങൾ എല്ലായിടത്ത് നിന്നും തുടച്ചു മാറ്റപ്പെടുകയാണ്’ എന്നാണ്.
ഈ സാഹചര്യം മാറ്റുന്നതിനും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും യു എൻ ഇടപെടണം എന്നും അവർ ആവശ്യപ്പെട്ടു. ‘പ്ലീസ്, നിങ്ങളോട് ഞങ്ങൾ യാചിക്കുകയാണ്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഇപ്പോൾ ചെയ്യൂ. വെറുതെ സംസാരിച്ച് നിന്നത് കൊണ്ട് കാര്യമില്ല. അഫ്ഗാന്റെ കാര്യത്തിൽ എന്തെങ്കിലും സംസാരിക്കുക എന്നാൽ വളരെ കുറഞ്ഞ കാര്യമാണ്. പകരം ചെയ്യാനുള്ളത് ചെയ്തേ തീരൂ’ എന്നും മഹബൂബ പറഞ്ഞു.അഫ്ഗാനിലെ സാഹചര്യം മനസിലാക്കുന്നതിനും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിദഗ്ദ്ധരടങ്ങിയ ഒരു സംഘം രൂപീകരിക്കണമെന്നും സാഹചര്യങ്ങൾ വിലയിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.