ഓസ്ട്രേലിയ : വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് ജയം. 7 വിക്കറ്റിൻ്റെ തകർപ്പൻ ജയം കുറിച്ച ഓസ്ട്രേലിയ ലോകകപ്പിൽ തുടർച്ചയായ നാലാം ജയമാണ് കുറിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 45.5 ഓവറിൽ 131 റൺസിന് ഓൾഔട്ടായപ്പോൾ 30.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ ജയം കുറിച്ചു. വിൻഡീസിൻ്റെ 3 വിക്കറ്റ് വീഴ്ത്തിയ എലിസ് പെറിയാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ടോപ്പ് ഓർഡർ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങി. ദേന്ദ്ര ഡോട്ടിൻ 16 റൺസെടുത്തപ്പോൾ ഹെയ്ലി മാത്യൂസും കെയ്സിയ നൈറ്റും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മൂന്ന് പേരെയും എലിസ് പെറിയാണ് പുറത്താക്കിയത്. 50 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലർ വിൻഡീസിൻ്റെ ടോപ്പ് സ്കോററായി. ടെയ്‌ലറിനെ കൂടാതെ ഷെമൈൻ കാംപ്‌ബെൽ (20), ഷിനേൽ ഹെൻറി (10), ആലിയ അല്ലെയ്ൻ (10) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ ഇരട്ടയക്കം കടന്നത്. ഓസീസിനായി എലിസ് പെറിയും ആഷ്‌ലി ഗാർഡ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് എലിസ ഹീലി (3), ക്യാപ്റ്റൻ മെഗ് ലാനിംഗ് (0), എലിസ് പെറി (10) വേഗം നഷ്ടമായെങ്കിലും റേച്ചൽ ഹെയിൻസിൻ്റെ (83) മികച്ച ഇന്നിംഗ്സാണ് ജയമൊരുക്കിയത്. ഹെയിൻസും ബെത്ത് മൂണിയും (28) പുറത്താവാതെ നിന്നു. ഇതോടെ ഓസ്ട്രേലിയ കളിച്ച 4 മത്സരങ്ങളിലും വിജയിച്ച് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൂടുതൽ ഉറപ്പിച്ചു. 4 മത്സരങ്ങൾ കളിച്ച വെസ്റ്റ് ഇൻഡീസ് ആവട്ടെ രണ്ട് മത്സരങ്ങളിൽ വിജയിച്ചു. ഇവർ പട്ടികയിൽ അഞ്ചാമതാണ്.