യു.എ. ഖാദർ ഒാർമ്മയായിട്ട് ഇന്ന് രണ്ടുവർഷം തികയുന്നു. എഴുത്തിന്റെയും സാമൂഹികമായ ഇടപെടലിന്റെയും ഒരായിരം ഓർമ്മകൾ സമ്മാനിച്ചാണ് കഥാകാരൻ വിടവാങ്ങിയത്. എഴുത്തിനെ തീവ്രമായി സ്നേഹിച്ച പിതാവിനെക്കുറിച്ച് മകൻ യു.എ. ഫിറോസിനു ഓർക്കാൻ ഒരായിരം അനുഭവങ്ങളാണുള്ളത്. എല്ലാം ഇന്നലെയെന്നോണം മനസിൽ നിറയുകയാണ്. “ഉപ്പ എഴുതുന്ന സമയങ്ങളിൽ ആരും ഉറക്കെ സംസാരിക്കാനോ ബഹളമുണ്ടാക്കാനോ പാടില്ലായിരുന്നു. പേരക്കുട്ടികളുടെ കരച്ചിൽ പോലും അപ്പോൾ പാടില്ല. അങ്ങനെ അനിഷ്ടം വല്ലതും ഉണ്ടായാൽ ഉപ്പ മുഷ്ടിചുരുട്ടി സ്വന്തം നെഞ്ചിൽ ആഞ്ഞടിക്കുകയും തലമുടി പിടിച്ചുവലിച്ച് ദേക്ഷ്യപ്പെടുകയും ചെയ്യും. ഉറക്കം ഉണർന്ന് കരയാൻ തുടങ്ങുന്ന പേരക്കുട്ടി നബീലിനെയുമെടുത്ത് അവന്റെ ഉമ്മ അയൽപക്കത്തേക്ക് ഓടുന്ന രംഗം ഞങ്ങൾ നോക്കി നിന്നു ചിരിക്കും.
എഴുതുമ്പോൾ ആരും അടുത്തുചെല്ലുന്നത് ഉപ്പ ഇഷ്ടപ്പെട്ടിരുന്നില്ല. ഉമ്മ പോലും അൽപം ദൂരരെ മാറിയിരിക്കാറാണ് പതിവ്. എഴുതിക്കഴിഞ്ഞ് തളർച്ചയോടെ എടുത്തുമുറിയിൽ നിന്നും വന്നു കട്ടിലിൽ കിടക്കുന്ന ഉപ്പയുടെ അടുത്തിരുന്ന് ഖുർആൻ സൂക്തങ്ങൾ ഓതി തലയിലും നെഞ്ചത്തും ഊതി ഉമ്മ തടവിക്കൊടുക്കും.
വളരെനേരം കണ്ണടച്ച് ഉമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റു അങ്ങനെ കിടക്കും. അവസാനകാലത്ത് ശ്വാസകോശ ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം വലുത് കൈക്കുണ്ടായ ശേഷിക്കുറവ് കാരണം എഴുതാൻ പ്രയാസപ്പെട്ടപ്പോൾ ഞാനായിരുന്നു എഴുതിക്കൊടുത്തിരുന്നത്. ചാരുകസേരയിൽ കിടന്നുകൊണ്ട് ഉപ്പ പറയുന്ന കഥകൾ വേഗതയിൽ തന്നെ ഞാൻ എഴുതി. കഥ പറയുന്നതിനിടയിൽ പലപ്പോഴും ഉപ്പ മയങ്ങിപ്പോകും. എന്നാൽ, പറഞ്ഞു നിർത്തിയെടുത്തുനിന്നു വീണ്ടും ആരംഭിക്കുന്ന ഉപ്പ എന്നും അൽഭുതമാണെന്നും യു.എ. ഫിറോസ് ഓർക്കുന്നു.
മലയാളത്തിനു പുറത്തെ മണ്ണിൽ പിറന്നുവീണിട്ടും മലയാളിത്തനിമയിൽ വായനക്കാരുടെ ഉള്ളം നിറച്ച കഥാകാരനായിരുന്നു ഉസ്സങ്ങാൻറകത്ത് അബ്ദുൽ ഖാദർ എന്ന യു.എ. ഖാദർ. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്. മൂന്നാം നാൾ വസൂരി ബാധിച്ചു മാതാവ് മരണപ്പെട്ടു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട് ഏഴാം വയസ്സിൽ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന് മദ്രാസ് കോളജ് ഓഫ് ആർട്ട്സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി
നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ചു. തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങിയവ പ്രധാന കൃതികൾ.