മുവാറ്റുപുഴ: ഇടുക്കി കളക്ടറേറ്റിലെ ക്ലാർക്കായിരുന്ന എസ്. സോവിരാജിനെ ഒന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിന് ശിക്ഷിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂവാറ്റുപുഴ വിജിലൻസ് കോടതി, ഇയാള്‍ക്ക് രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2007 ഡിസംബർ മാസത്തിൽ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധി വന്നത്.
മണൽ കടത്ത് പിടികൂടുന്നതിന് നിലവിലുണ്ടായിരുന്ന ഇടുക്കി കളക്ടറേറ്റിലെ പ്രത്യേക സ്‍ക്വാഡിലെ അംഗമായിരുന്ന സോവിരാജ്, പാസുള്ള മണലുമായെത്തിയ ലോറി തടഞ്ഞുനിർത്തി പാസ് പരിശോധിക്കുകയും, പരിശോധിച്ചശേഷം ഡ്രൈവറുടെ ലൈസൻസ് വാങ്ങി കൊണ്ടുപോവുകയും ചെയ്തു. ഡ്രൈവർ ലൈസൻസ് തിരികെ ചോദിച്ചപ്പോൾ ഫോൺ നമ്പർ എഴുതി നൽകിയശേഷം അന്നേദിവസം വൈകുന്നേരം പൈനാവിലുള്ള ക്വാർട്ടേഴ്സിൽ വന്നുകാണാൻ ആവശ്യപ്പെടുകയായിരുന്നു. ക്വാർട്ടേഴ്സിൽ എത്തിയ ഡ്രൈവറോട് പാസില്ലാതെ തുടർന്നും കൂടുതൽ മണൽ കടത്താൻ സഹായിക്കാമെന്നും, ലൈസൻസ് വിട്ടു നൽകുന്നതിനുമായി ഇരുപതിനായിരം രൂപ കൈക്കൂലിആവശ്യപ്പെട്ടു.
ഡ്രൈവർ ഇത്രയും തുക നൽകാൻ സാധിക്കില്ലായെന്ന് വിഷമം പറഞ്ഞതിനെ തുടർന്ന് കൈക്കൂലി തുക ഒന്‍പതിനായിരം രൂപയായി കുറച്ചുനൽകി. ആദ്യഗഡുവായി നാലായിരം രൂപ കൈപ്പറ്റുകയുംചെയ്തു. അവശേഷിക്കുന്ന അയ്യായിരം രൂപയുമായി വരുമ്പോള്‍ ലൈസൻസ് വിട്ടു നൽകാമെന്ന് അറിയിക്കുകയായിരുന്നു. പരാതിക്കാരൻ അന്നത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന അലക്സ് എം വർക്കിയെ കണ്ട് പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി രണ്ടാം ഗഡുവായ 5,000 രൂപ കൊടുത്തുവിട്ടു.
പൈനാവിൽ വച്ച് ഈ പണം വാങ്ങവെ സോവിരാജിനെ കൈയോടെ പിടികൂടി. ഈ സംഭവത്തില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് സോവിരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി പി. റ്റി. കൃഷ്ണൻകുട്ടിയാണ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി. എ ഹാജരായി.




















