ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് അടുത്ത ആഴ്ച റഷ്യ സന്ദർശിക്കും. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ ചൈന മധ്യസ്ഥത വഹിക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷി റഷ്യയിലെത്തുന്നത്. മാർച്ച് 20 മുതൽ 22വരെയാണ് സന്ദർശനം.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നയന്ത്രപരമായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും നിർണായക ഉടമ്പടികളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച യുക്രെയ്ൻ വിദേശകാര്യമന്ത്രിയുമായി ചൈന ചർച്ച നടത്തിയിരുന്നു. നേരത്തെ, യുദ്ധം തീർക്കാൻ ഷിയുമായി ചർച്ചക്ക് തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു.