തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി തള്ളി. പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും പ്രാഥമിക ഘട്ടത്തിൽ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്‍റേതാണ് ഉത്തരവ്. കോടതി മേൽനോട്ടം ആവശ്യപ്പെട്ട് ഡ്രൈവർ യദുവാണ് ഹരജി നൽകിയത്. കേസിലെ പ്രതികൾ മേയറും എം.എൽ.എയുമാണ്. ഇതുകാരണം അന്വേഷണം ശരിയായി നടക്കില്ല, ഇതിന് തെളിവാണ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
മേയർ ആര്യാ രാജേന്ദ്രൻ, ബാലുശ്ശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് അടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.